സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ പൂര്‍ണമായ പകര്‍പ്പ് നല്‍കുന്നതില്‍ എന്‍ഐഎയ്ക്ക് എതിര്‍പ്പ്. കുറ്റകൃത്യം ദേശവിരുദ്ധ സ്വഭാവമുള്ളതായതിനാല്‍ അന്വേഷണത്തെ ബാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ പൂര്‍ണമായ കുറ്റപത്രം വേണമെന്ന പ്രതിഭാഗം ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കാനാണ് ഏജന്‍സിയുടെ തീരുമാനം. സുപ്രധാന വിവരങ്ങള്‍ ഒഴിവാക്കി പകര്‍പ്പ് നല്‍കാനും ആലോചനയുണ്ട്.

അതേസമയം സെക്രട്ടേറിയറ്റില്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. നേരത്തെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ദൃശ്യങ്ങള്‍ ഭാഗികമായി എന്‍ഐഎ ശേഖരിച്ചിരുന്നു. പ്രതികളുടെ സെക്രട്ടേറിയറ്റിലെ സന്ദര്‍ശന വിവരം ലഭിക്കുന്നതിനായാണ് നടപടി. നേരത്തെ കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ ശിവശങ്കറിനെയോ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരെയുമോ, എന്‍ഐഎ പ്രതിയാക്കിയിരുന്നില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമാകും തുടര്‍നടപടികള്‍.