കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് നിയമസഭയോടുള്ള അനാദരവാണെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മസാല ബോണ്ട് ഇറക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. അധികാരഭ്രമം തലയ്ക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റിയെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയില്‍ ഭരണഘടനാലംഘനം ഉണ്ടായെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ധനമന്ത്രി ഗവര്‍ണറെയുള്‍പ്പെടെ കബളിപ്പിച്ചെന്ന് വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.

അതേസമയം അടിയന്തര പ്രമേയം നിയമസഭ വോട്ടിനിട്ട് തള്ളി. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയും സിഎജിയെ രൂക്ഷമായി വിമര്‍ശിച്ചും നിയമസഭ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. അസാധാരണ സാഹചര്യത്തിലാണ് പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതനായതെന്ന ധനമന്ത്രിയുടെ വാദം കമ്മിറ്റി അംഗീകരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചത്.