നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് എംപി രാഹുൽ ​ഗാന്ധി മണ്ഡല പര്യടനം നടത്തും. ഈ മാസം 28 ന് ജില്ലയിൽ എത്തുന്ന രാഹുൽ ​ഗാന്ധി വിവിധ യോ​ഗങ്ങളിൽ പങ്കെടുക്കും.

സംസ്ഥാനത്തുടനീളം രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ആദ്യപടിയെന്നോണമാണ് രാഹുൽ ​ഗാന്ധി സ്വന്തം മണ്ഡലത്തിൽ എത്തുന്നത്. 27 ന് രാഹുൽ ​ഗാന്ധി വയനാട്ടിൽ എത്തുകയും തുടർന്ന് 28 ന് മത മേലധ്യക്ഷന്മാരും സാമൂഹിക സാംസ്കാരിക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേയും യുഡിഎഫ് കൺവെൻഷനുകളിൽ രാഹുൽ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്കുള്ള സ്വീകരണ യോ​ഗങ്ങളിലും രാഹുലിന്റെ സാന്നിധ്യമുണ്ടാകും.