ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി. ഡി. സതീശന്‍ എംഎല്‍എ. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.

ഭരണഘടനയുടെ 293 ാം വകുപ്പ് കിഫ്ബി മറികടന്നു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് വിമര്‍ശിക്കുന്നത്. എക്‌സിറ്റ് മീറ്റിംഗ് മിനിറ്റ്‌സ് സിഎജി നല്‍കിയിട്ടും കിട്ടിയില്ലെന്ന് മന്ത്രി കള്ളം പറഞ്ഞു. കിഫ്ബിക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്ന വാദം തെറ്റാണ്. മന്ത്രി തോമസ് ഐസക്കിന്റേത് രാഷ്ട്രീയ കൗശലമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയും സിഎജിയെ രൂക്ഷമായി വിമര്‍ശിച്ചുമാണ് നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അസാധാരണ സാഹചര്യത്തിലാണ് പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതനായതെന്ന ധനമന്ത്രിയുടെ വാദം കമ്മിറ്റി അംഗീകരിച്ചു. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വെച്ചത്