വാഷിങ്ടൻ ∙ വിടവാങ്ങല്‍ പ്രസംഗത്തില്‍ പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെയാണ് ആശംസ നേര്‍ന്നത്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നു ട്രംപ് പറഞ്ഞു. പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും ട്രംപ് പറ‍ഞ്ഞു.

ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാൻ നിൽക്കാതെ 3 മണിക്കൂർ മുൻപെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിട്ടേക്കും. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. ഇവിടെയുള്ള സ്വകാര്യവസതി ക്ലബ് ആക്കി മാറ്റിയതിനെതിരെ നാട്ടുകാരുടെ പരാതി നിലനിൽക്കുന്നതിനിടെയാണിത്. ബൈ‍ഡൻ ജയിച്ചതായി ഇനിയും അംഗീകരിക്കാതെ ഇടഞ്ഞു നിൽക്കുന്ന ട്രംപ് സ്കോട്‌ലൻഡിലെ സ്വന്തം ഗോൾഫ് കോഴ്സിലേക്കു പോകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.

അമേരിക്കയുടെ നാല്‍പത്തിയാറാമത്തെ പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായും സത്യപ്രതി‍ജ്ഞ ചെയ്യും. കോവിഡിന്റെയും കാപിറ്റോൾ ആക്രമണത്തിന്‍റയും പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ. സ്ഥാനമൊഴിയുന്ന ഡോണൾഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുൻ പ്രസിഡന്റുമാരും പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാൽ ജിമ്മി കാർട്ടർ വിട്ടുനിന്നേക്കും. ഇവരെക്കൂടാതെ കോൺഗ്രസിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.