ജനീവ: കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ വൈറസ് വ്യാപനം തടയാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെന്ന വിമർശനവുമായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി. യുഎൻ ആരോഗ്യ ഏജൻസി വളരെ നേരത്തെ തന്നെ കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കേണ്ടിയിരുന്നുവെന്ന് സമിതി വ്യക്തമാക്കി.

മുൻ ലൈബീരിയൻ പ്രസിഡന്റ് എലൈൻ ജോൺസൺ സർലീഫ്, മുൻ ന്യൂസിലാന്റ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഏറ്റവും വേഗത്തിൽ പൊതു ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പിലാക്കാനുള്ള അവസരങ്ങൾ ചൈന നഷ്ടപ്പെടുത്തി. വൈറസ് വ്യാപനം തടയാനുള്ള നടപടികൾ ജനുവരിയിൽ തന്നെ ചൈന ആവിഷ്‌ക്കരിക്കേണ്ടതായിരുന്നു.

മഹാമാരിയെ കുറിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് ശ്രമിച്ചത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസ് എന്ന മഹാമാരിയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ വൈകിയത് എന്തുകൊണ്ടാണെന്ന് സമിതിയിലെ വിദഗ്ധർ ചോദിച്ചു.

ജനുവരി 22 നാണ് യു എൻ ആരോഗ്യ ഏജൻസി അടിയന്തര സമിതി വിളിച്ചു കൂട്ടിയത്. എന്നാൽ ആഗോള അടിയന്താരാവസ്ഥ പ്രഖ്യാപിക്കണോയെന്ന കാര്യത്തിൽ വിദഗ്ധ സമിതിയ്ക്ക് ഭിന്നാഭിപ്രായമായിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് വൈറസ് പടർന്നു പിടിച്ചിട്ടും ലോകാരോഗ്യ സംഘടന മാർച്ച് 11 വരെ കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.

കൊറോണയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയ്‌ക്കെതിരെ നേരത്തെയും രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. പലരാജ്യങ്ങളും ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.