ന്യൂഡൽഹി : കൊറോണ വ്യാപനത്തിനെതിരായ പോരാട്ടത്തിൽ ബംഗ്ലാദേശിനൊപ്പം നിന്ന് ഇന്ത്യ. കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് ബംഗ്ലാദേശിലേക്ക് നാളെ കയറ്റി അയക്കും. വാക്‌സിൻ കൈപ്പറ്റുന്നതിനായുള്ള അവസാന ഘട്ടനടപടികൾ ബംഗ്ലാദേശ് സർക്കാർ ആരംഭിച്ചു.

ആദ്യഘട്ട കുത്തിവെയ്പ്പിനായുള്ള രണ്ട് മില്യൺ ഡോസുകളാണ് ധാക്കയിലെ ഹസ്രത് ഷഹ്ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക. ഇവിടെ നിന്നും വാക്‌സിനുകൾ വിതരണത്തിനായി വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള സജ്ജീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്നും കൊറോണ വാക്‌സിൻ എത്തുന്ന വിവരം ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിഖ്വൂ ആണ് അറിയിച്ചത്. വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സർക്കാരിന്റെ സമ്മാനമെന്നാണ് കൊറോണ വാക്‌സിനെ മന്ത്രി വിശേഷിപ്പിച്ചത്.

കഴിഞ്ഞ വർഷം നവംബറിലാണ് വാക്‌സിനു വേണ്ടി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബംഗ്ലാദേശിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബെക്‌സിംകോ ഫാർമസ്യൂട്ടിക്കൽ കരാറിൽ ഏർപ്പെട്ടത്. 30 മില്യൺ ഡോസുകൾക്ക് വേണ്ടിയായിരുന്നു കരാർ. ഉടൻ തന്നെ ബാക്കിയുള്ള ഡോസുകളും ഇന്ത്യ ബംഗ്ലാദേശിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.