ഷിക്കാഗോ ∙ ഒഹെയർ വിമാന താവളത്തിൽ കോവിഡ്19നെ പേടിച്ചു മൂന്നു മാസം മാസ്ക്ക് ധരിച്ചു ഒളിച്ച് താമസിച്ച ആദിത്യ സിംഗി (36)നെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി 17 ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി 16ന് സംശയാസ്പദമായ രീതിയിൽ കണ്ടുമുട്ടിയ ആദിത്യ സിംഗിനോട് യുനൈറ്റഡ് എയർലൈൻ ജീവനക്കാരൻ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. മുഖത്തെ മാസ്ക്ക് മാറ്റിയശേഷം കഴുത്തിൽ അണിഞ്ഞിരുന്ന എയർപോർട്ട് ഐഡി ബാഡ്ജാണ് സിംഗ് കാണിച്ചുകൊടുത്തത്. എന്നാൽ ഈ ഐഡി ഓപ്പറേഷൻ മാനേജർ ഐഡിയുടെ ഒക്ടോബർ 26 മുതൽ നഷ്ടപ്പെട്ടതായിരുന്നു.

ഒഹെയ്ർ ഇന്റർ നാഷനൽ രണ്ടാം ടെർമിനലിലെ സുരക്ഷിത സ്ഥാനത്ത് മൂന്നു മാസമായി കഴിഞ്ഞിരുന്ന സിംഗിനെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയതായി അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി കാതലിൻ ഹഗർട്ടി പറഞ്ഞു. കലിഫോർണിയായിൽ ഇയാൾക്കെതിരെ ഒരു കേസും നിലവിലില്ല.

കലിഫോർണിയയിൽ താമസിക്കുന്ന സിംഗ് ഒക്ടോബർ 19 നാണ് ഒഹെയർ ഇന്റർനാഷനൽ വിമാന താവളത്തിൽ എത്തിച്ചേർന്നത്. ജനുവരി 16 വരെ ഇദ്ദേഹത്തെ ആർക്കും തിരിച്ചറിയാനായില്ല. കോവിഡിനെ പേടിച്ചാണ് കലിഫോർണിയായിലേക്ക് തിരിച്ചു പോകാതെ എയർപോർട്ടിൽ തന്നെ കഴിയാൻ തീരുമാനിച്ചതെന്ന് സിംഗ് പൊലീസിനെ അറിയിച്ചു. മറ്റു യാത്രക്കാരാണ് സിംഗിന് ആവശ്യമായ ഭക്ഷണം നൽകായിരുന്നത്. നിയന്ത്രിത മേഖലയിലേക്ക് കടന്നുകയറിയ കുറ്റത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.