അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച്​ ചൈന ​ഗ്രാമം നിർമിച്ചതായി റിപ്പോർട്ട്. യഥാർത്ഥ അതിർത്തിയിൽ നിന്ന്​ ഇന്ത്യൻ പ്രദേശത്തിനകത്തേക്ക്​ ഏകദേശം 4.5 കിലോമീറ്റർ കയറിയുള്ളതാണ് നിർമാണം.101 ഓളം വീടുകൾ ഉൾപ്പെടുന്ന പുതിയ ഗ്രാമം നിർമിച്ചതായാണ് വിവരം. എൻഡിടിവിയാണ് ഉപ​ഗ്രഹ ചിത്രങ്ങൾ ഉൾപ്പെടുന്ന ചിത്രം പുറത്തുവിട്ടത്.

2019,20 വർഷങ്ങളിലെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 2020 നവംബർ ഒന്നിലെ ചിത്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ കാണാം. ഉപഗ്രഹ ചിത്രങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ കണ്ടുവെന്നും നിരവധി വർഷങ്ങളായി ചൈന ഇത്തരം അടിസ്ഥാന സൗകര്യ വികസനം അതിർത്തിയിൽ നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.