നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേൽനോട്ടത്തിന് പത്തം​ഗ സമിതിയെ നിയോ​ഗിച്ചു. രമേശ് ചെന്നിത്തല. മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം സുധീരൻ, കെ. സി വേണു​ഗോപാൽ, കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, താരീഖ് അൻവർ എന്നിവർ ഉൾപ്പെടെയാണ് സമിതി അം​ഗങ്ങൾ. യുഡിഎഫിന്റെ ജയം മാത്രമാണ് അജണ്ടയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ. കെ ആന്റണി പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ മാറ്റം വരുത്തണമെന്ന നിർദേശം ഹൈക്കമാൻഡ‍് മുന്നോട്ടുവച്ചെന്ന് എ.കെ ആന്റണി പറഞ്ഞു. പുതുമുഖങ്ങൾക്കും വനിതൾക്കും പ്രാധാന്യം നൽകും. കേരളത്തിലെ എല്ലാ വിഭാ​ഗം ജനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. അവരുമായി സംസാരിച്ച ശേഷം ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് ആയിരിക്കും തീരുമാനിക്കുക. അഞ്ചു വർഷംകൊണ്ട് തകർന്നുപോയ കേരളത്തെ തിരിച്ചുപിടിക്കുമെന്നും എ.കെ ആന്റണി പറഞ്ഞു.

യുഡിഎഫ് ശക്തമായി മുന്നോട്ടുപോകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ജയത്തിനായിരിക്കും ആദ്യ പരി​ഗണനയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. തങ്ങൾ ഒറ്റക്കെട്ടാണെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോൺ​ഗ്രസിനേയും യുഡിഎഫിനേയും തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. പരമ്പരാ​​ഗത ശൈലിയിൽ നിന്ന് വേറിട്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തവും സ്ഥാനാർത്ഥി നിർണയവുമായിരിക്കും ഇത്തവണ ഉണ്ടാകുക. ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.