സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ കുത്തിവയ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ എട്ട് കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്സിനേഷന്‍ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

രണ്ടാം ദിവസവും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചത്. 657 പേര്‍ ഇവിടെ വാക്‌സിന്‍ സ്വീകരിച്ചു. ആലപ്പുഴ 530, എറണാകുളം 442, ഇടുക്കി 508, കണ്ണൂര്‍ 643, കാസര്‍ഗോഡ് 476, കൊല്ലം 571, കോട്ടയം 500, കോഴിക്കോട് 652, മലപ്പുറം 656, പാലക്കാട് 657, പത്തനംതിട്ട 648, തിരുവനന്തപുരം 527, തൃശൂര്‍ 616, വയനാട് 465 എന്നിങ്ങനെയാണ് രണ്ടാം ദിനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ആദ്യ ദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച 57 പേരും വാക്‌സിനെടുത്തു. ഇതോടെ ആകെ 16,010 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.

ആര്‍ക്കും തന്നെ വാക്സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷന്‍) കിറ്റും ആംബുലന്‍സ് സേവനവും ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിയിരുന്നു.