തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 13,788 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ പകുതിക്ക് ശേഷം രോഗികളുടെ പ്രതിദിനം സംഖ്യ 15,000 ല്‍ താഴുന്നത് ഇതാദ്യമാണ്. സജീവ കേസുകളുടെ എണ്ണം 2.08 ലക്ഷമായി കുറഞ്ഞു. 1.02 കോടി ആളുകള്‍ കോവിഡ് മുക്തി നേടി. ഞായറാഴ്ച 145 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണസംഖ്യ 1.52 ലക്ഷം കവിഞ്ഞു.

രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 36 ശതമാനവും കേരളത്തിലാണ്. കേരളത്തില്‍ 5,005 പുതിയ കേസുകളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 3,081 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമസഭ സമ്മേളനം:നാല് എംഎല്‍എമാര്‍ക്ക് കൊവിഡ്

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എം എല്‍ എ കെ ദാസന്‍, കൊല്ലം എം എല്‍ എ മുകേഷ്, പീരുമേട് എം എല്‍ എ ബിജിമോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കെ ദാസന്‍ എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുന്നു.

അതിനിടെ, സംസ്ഥാനത്ത് ഇന്നു മുതല്‍ കൂടുതല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. ചെറിയ കേന്ദ്രങ്ങളില്‍ റജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും.

ഇന്നു മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കും. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്ബൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.