കെഎസ്ആര്‍ടിസിയിലെ വിവാദങ്ങള്‍ക്ക് പിന്നാലെ എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. നിലവിലുള്ള സംഭവവികാസങ്ങളെ പറ്റി ബിജു പ്രഭാകര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വിവാദ പ്രസ്താവനകള്‍ വിലക്കിയ മുഖ്യമന്ത്രി കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അറിയിച്ചു.

സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ നേരിട്ട് വിളിപ്പിച്ചു വിവരം തേടിയത്. കെഎസ്ആര്‍ടിസിയുടെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാമെന്നും അതില്‍ തെറ്റില്ലെന്നും ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി പറഞ്ഞു. വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അത് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.

നിലവിലെ വിവാദങ്ങളെ പറ്റി ബിജു പ്രഭാകര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. കോര്‍പറേഷനെ ശുദ്ധീകരിക്കാനുള്ള നിലപാടുകളുമായി മുന്നോട്ടു പോകുമ്പോള്‍ അതിന് തുരങ്കം വയ്ക്കാനുള്ള നടപടികളുമായി ചിലര്‍ വരുന്നുവെന്നും അതിനാലാണ് പരസ്യ പ്രസ്താവന നടത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രിയോട് ബിജു പ്രഭാകര്‍ പറഞ്ഞതായാണ് സൂചനകള്‍.

കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതേസമയം തൊഴിലാളി സംഘടനകളെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.സ്വിഫ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായി സിഎംഡി നടത്തുന്ന ചര്‍ച്ചയ്ക്ക് മുന്‍പാണ് മുഖ്യമന്ത്രി ബിജു പ്രഭാകറിനെ വിളിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.