വാഹനങ്ങളില്‍ കര്‍ട്ടനും കറുത്ത ഫിലിമിനുമുള്ള വിലക്ക് ലംഘിച്ച് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും. കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എമാരും പൊലീസ് ഉന്നതരും നിയമം ലംഘിച്ചവരില്‍ പെടുന്നു. ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം നിയമ ലംഘനം തുടരുകയാണ്.

നിയമസഭാ സമ്മേളനത്തിനെത്തിയ മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍ തുടങ്ങിയവരുടെ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ നീക്കം ചെയ്തിരുന്നില്ല. ചില എംഎല്‍എമാരും ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നുണ്ട്. മന്ത്രിമാര്‍ക്ക് പുറമെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമം ലംഘിച്ചാണ് യാത്ര തുടരുന്നത്.

റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് എന്നിവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ ഓപ്പറേഷന്‍ സ്‌ക്രീനും നടക്കുന്നത്. സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ പരിശോധന ശക്തമാക്കിയത്. അന്‍പത് ശതമാനത്തിലധികം കാഴ്ച മറയ്ക്കുന്ന കൂളിംഗ് ഫിലിംമും കര്‍ട്ടനും ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് പ്രധാന നിബന്ധന. ആദ്യ ഘട്ട നിയമ ലംഘനത്തിന് 1250 രൂപയാണ് പിഴ.