കസ്റ്റംസിനെതിരെ സിപിഐഎമ്മിലെ റാന്നി എംഎല്‍എ രാജു എബ്രഹാം നല്‍കിയ അവകാശ ലംഘന പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരായ വസന്ത ഗണേശന്‍, സുമിത് കുമാര്‍, കെ സലില്‍ എന്നിവര്‍ക്ക് എതിരെയാണ് ആരോപണം.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാണ് പരാതി. സഭാ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചാണ് സെക്രട്ടറിക്കുള്ള കസ്റ്റംസിന്റെ കത്തെന്ന് പരാതിയിലുണ്ട്. കസ്റ്റംസ് നടപടി സഭയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമെന്നും രാജു എബ്രഹാമിന്റെ പരാതിയില്‍ പറയുന്നു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനെതിരെ മറ്റൊരു സിപിഐഎം എംഎല്‍എ ജയിംസ് മാത്യു നല്‍കിയ പരാതിയും എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്.