ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിലൊന്നിന്റെ നിർമാണം ശബരിമലയിൽ പൂർത്തിയാക്കി. ശബരിമലയിലെത്തുന്ന മുഴുവൻ തീർത്ഥാടകർക്കും അന്നദാനം നൽകാൻ സാധിക്കുന്ന ഈ മണ്ഡപം ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്.

24 മണിക്കൂറും അന്നദാനം നടത്താൻ പര്യാപ്തമായ അന്നദാന മണ്ഡപം ശബരിമലയിലെത്തുന്ന എല്ലാ തീർഥാടകർക്കും ആശ്രയ കേന്ദ്രമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഒരേ സമയം 5000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ ഹാളാണ് മണ്ഡപത്തിലുള്ളത്. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതൽ അടുത്ത ദിവസം പുലർച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഭക്തർക്കായി ഇവിടെ ഒരുക്കും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 4 ചെറു അന്നദാന മണ്ഡപങ്ങളായി തുടക്കമിട്ട പദ്ധതി പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒരൊറ്റ അന്നദാന കോംപ്ലക്‌സായി ഉയർത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.