യുഎസിൽ ഭരണം മാറാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ സംഘർഷതീവ്രത കൂട്ടി ഇറാൻ. ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) കരയിലെയും കടലിലെയും ആക്രമണം ലക്ഷ്യമിട്ടു ദീർഘദൂര മിസൈലുകളും ഡ്രോണുകളും പരീക്ഷിച്ചാണു ഭയം കൂട്ടുന്നത്. 1800 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ ഭാഗത്തെ കൃത്രിമ ലക്ഷ്യങ്ങൾ ഭേദിച്ച ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളാണു ശനിയാഴ്ച ഐ‌ആർ‌ജി‌സി പ്രയോഗിച്ചത്.

‘ശത്രുക്കൾ നമ്മുടെ ദേശീയ താൽപര്യങ്ങൾ, സമുദ്ര വ്യാപാരപാതകൾ, ഭൂമി എന്നിവയോട് മോശമായ ആഗ്രഹം പ്രകടിപ്പിച്ചാൽ, അവരെ മിസൈലുകളാൽ നശിപ്പിക്കും എന്ന സന്ദേശം കൈമാറാനാണു ദീർഘദൂര മിസൈലുകൾ തിരഞ്ഞെടുത്തത്’– സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഗേരി പറഞ്ഞു. ഒരു ആക്രമണത്തിനും ഉദ്ദേശിക്കുന്നില്ല. പക്ഷേ രാജ്യത്തെ ആക്രമണകാരികൾ നോട്ടമിട്ടാൽ, ചെറിയ സമയത്തിൽ മുഴുവൻ ശക്തിയോടെയും തിരിച്ചടിക്കുമെന്ന് ഇതിലൂടെ പ്രഖ്യാപിക്കുന്നതായും ബാഗേരി വ്യക്തമാക്കി.

മുഹമ്മദ് ബാഗേരിയുടെ വാക്കുകൾ ഇറാന്റെ കൃത്യമായ മുന്നറിയിപ്പാണെന്നാണു വിലയിരുത്തൽ. ഇതോടൊപ്പം ഐ‌ആർ‌ജി‌സി കമാൻഡർ-ഇൻ-ചീഫ് ഹൊസൈൻ സലാമിയുടെ വാക്കുകളും ഗൗരവത്തിലെടുക്കേണ്ടതാണ്. വിമാനവാഹിനികളടക്കം ശത്രു യുദ്ധക്കപ്പലുകൾ ലക്ഷ്യമിടുകയെന്നതാണു ലക്ഷ്യങ്ങളിലൊന്നെന്നു ഹൊസൈൻ സലാമി പറഞ്ഞു. വെള്ളിയാഴ്ച മധ്യ ഇറാനിലെ അജ്ഞാത പ്രദേശത്തെ മരുഭൂമിയിൽനിന്നു പുതുതലമുറ മിസൈലുകളും തൊടുത്തിരുന്നു.
ഔദ്യോഗിക മാധ്യമത്തിൽ ഇതിന്റെ വിഡിയോകൾ സംപ്രേഷണം ചെയ്തു. ‘ഐ‌ആർ‌ജി‌സി ബാലിസ്റ്റിക് മിസൈലുകളുടെ അലർച്ചയാണിത്. അവ ഇത്തവണ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് കുതിക്കും’ എന്നായിരുന്നു ഔദ്യോഗിക ചാനലിലെ റിപ്പോർട്ടർ വിശേഷിപ്പിച്ചത്. മിസൈലുകൾക്കു പിന്നാലെ ‘സൂയിസൈഡ് ഡ്രോണുകൾ’ എന്നു വിളിപ്പേരുള്ള അലഞ്ഞുനടക്കുന്ന ഡ്രോണുകൾ അടക്കമുള്ള ആയുധങ്ങളും ഇറാൻ സൈന്യം പരീക്ഷിച്ചു.

∙ യുഎസുമായുള്ള കടുത്ത പിരിമുറുക്കം

അധികാരമൊഴിയുന്ന യു‌എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് ഇറാൻ പ്രകോപനം സൃഷ്ടിക്കുന്നത് എന്നതു ശ്രദ്ധേയം. പുതുവർഷത്തിൽ ഇറാൻ ആയുധ പ്രകടനങ്ങളുമായി മേഖലയെ സംഘർഷഭരിതമാക്കുകയാണെന്നു നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ബാഗ്ദാദിൽ ട്രംപ് ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ജനറലായിരുന്ന ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന്റെ വാർഷിക വേളയിലാണ് ഇറാന്റെ സൈനികശക്തി പരീക്ഷണം.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മിഡിൽ ഈസ്റ്റിനു മുകളിലൂടെ ആണവശേഷിയുള്ള ബോംബറുകളടക്കം പറത്തിയ യുഎസ്, ഇറാന്റെ പ്രകോപനങ്ങളെ ‘പിന്തിരിപ്പിക്കാൻ’ ഈ പ്രദേശത്ത് പോർവിമാനങ്ങൾ വിന്യസിച്ചിട്ടുമുണ്ട്. യുദ്ധ സാഹചര്യമുണ്ടെന്നു കെട്ടിച്ചമയ്ക്കാനാണു യുഎസ് ശ്രമിക്കുന്നത് എന്നാണു ഈ നടപടികളെ ഇറാന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആരോപിച്ചത്. 2018 ൽ ഇറാനുമായുള്ള ആണവ കരാറിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറിയതിനു പിന്നാലെ ഉടലെടുത്ത സംഘർഷം കൂട്ടുകയാണു ട്രംപ് ഭരണകൂടം.