ഡൽഹിയിലെ ദേശീയ സുവോളജിക്കൽ പാർക്കിൽ ചത്തനിലയിൽ കണ്ടെത്തിയ മൂങ്ങയ്ക്ക് പക്ഷിപ്പനി. കഴിഞ്ഞ ദിവസം മൃഗശാലയിൽ ദുരൂഹസാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തിയ മൂങ്ങയ്ക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനകൾക്കായി മൂങ്ങയുടെ സാംപിൾ സർക്കാരിന്റെ മൃഗസംരക്ഷ യൂണിറ്റിലേയ്ക്ക് അയച്ചതായി മൃഗശാല ഡയറക്ടർ രമേഷ് പാണ്ഡെ അറിയിച്ചു.

കേന്ദ്രസർക്കാരും ഡൽഹി സർക്കാരും പുറപ്പെടുവിച്ച പ്രോട്ടോക്കോൾ അനുസരിച്ച് മൃഗശാലയിൽ ശുചീകരണ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി. കൃത്യമായ അകലം പാലിച്ചുകൊണ്ട് കൂട്ടിലുള്ള മറ്റ് പക്ഷികളെ സുരക്ഷിതമാക്കി. മൃഗശാലയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനും ജീവനക്കാർ അടുത്തിടപഴകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിലായി കാക്കകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ചില ഇടങ്ങളിൽ പാർക്കുകളിൽ താറാവുകളെയും ദുരൂഹ സാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെ ഡൽഹി വികസന അതോറിറ്റി പാർക്കുകൾ അടച്ചിരുന്നു.