ആശുപത്രിയിലെത്തുന്ന എല്ലാ രോഗികൾക്കും പ്രമേഹ പരിശോധന നിർബന്ധമാക്കണമെന്ന് വിദഗ്ധർ. ബി.പി ഉൾപ്പെടെയുള്ള പരിശോധനകൾക്കൊപ്പം ഇതു കൂടി ഉൾപ്പെടുത്തണമെന്നാണ് അന്തർദേശീയ വിദഗ്ധരുടെ നിർദ്ദേശം. രക്തത്തിലെ പഞ്ചസാരയുടെ നേരിയ വ്യതിയാനം പോലും രോഗം തീവ്രമാക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് പുതിയ നിർദ്ദേശം.

കഴിഞ്ഞ അര നൂറ്റാണ്ടായി ആശുപത്രിയിലെത്തുന്ന രോഗികളുടെ ശരീരതാപം, രക്തസമ്മർദ്ദം, പൾസ് റേറ്റ്, ശ്വാസഗതി എന്നിവ രോഗത്തിന്റെ സുപ്രധാന അടയാളങ്ങളായി പരിശോധിച്ചാണ് രോഗം നിർണയിക്കുന്നത്. എന്നാൽ ഇതോടൊപ്പം രക്തത്തിലെ പഞ്ചസാര കൂടി ഉൾപ്പെടുത്തണമെന്നാണ് മെറ്റബോളിക് സിൻഡ്രോം: ക്ലിനിക്കൽ റിസർച്ച് ആന്റ് റിവ്യൂസ് എന്ന ജേർണലിലൂടെ അന്തർദേശീയ വിദഗ്ധർ നിർദ്ദേശിച്ചിരിക്കുന്നത്. 20ലേറെ ഗവേഷണ ഫലങ്ങള്ളുടെ അപഗ്രഥനത്തിൻ്റെയും കൊവിഡ് ചികിത്സാ വേളയിലെ കണ്ടെത്തലുകളുടേയും പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. പ്രമേഹമുള്ളവരുൾപ്പെടെ എല്ലാത്തരം രോഗികളും ആശുപത്രിയിലെത്തുമ്പോൾ അഞ്ചാമത്തെ സുപ്രധാന അളയാളമായി ബ്‌ളഡ് ഷുഗർ പരിശോധന നടത്തണം എന്നാണ് നിർദ്ദേശം. ഡോ.ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

രോഗതീവ്രതയും ചികിത്സാചെലവും കുറയ്ക്കുന്നതിന് പുതിയ നിർദ്ദേശം സഹായകരമാകും. ഡോ. പത്മശ്രീ അനൂപ് മിശ്ര, പോളണ്ടിലെ ഡോ. ലെസക്ക് സുപ്രിണിയക്ക്, ഇസ്രായേലിലെ ഇറ്റാമർ റാസ്, ആർഎസ്എസ്ഡിഐയിലെ ബൻഷി സാബു, ഡോ. എസ്ആർ അരവിന്ദ് എന്നിവർ ഗവേഷണത്തിൽ പങ്കാളികളായി.