രാജ്യത്ത് കൊവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള വാക്‌സിനേഷൻ യജ്ഞത്തിൽ ആദ്യ ദിവസം പങ്കാളികളായത് 1.91 ലക്ഷം പേർ. കേരളത്തിൽ 8,062 പേരാണ് ആദ്യ ദിവസം വാക്സിൻ സ്വീകരിച്ചത്. ഡൽഹി എംയിംസ് ആശുപത്രിയിൽ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്സിൻ നൽകിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചത്.

ആദ്യ ദിനം രാജ്യമെമ്പാടും മൂന്ന് ലക്ഷം പേർക്കാണ് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും 1.91 ലക്ഷം പേർക്കാണ് കുത്തിവെപ്പെടുക്കാനായത്. വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ കാട്ടിയ വിമുഖതയാണ് ഇതിന് കാരണം.

രാജ്യത്ത് പതിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് അംഗീകാരം ലഭിച്ച കോവിഷീൽഡ് വാക്സിനും കോവാക്സിനും വിതരണം ചെയ്തത്. മറ്റു സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു വാക്സിൻ മാത്രമാണ് വിതരണം ചെയ്തത്. കേരളത്തിൽ കോവിഷീൽഡ് വാക്‌സിനാണ് ആളുകൾക്ക് നൽകിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചത് പാലക്കാട് ജില്ലയിലാണ്. 857 പേർ കുത്തിവെപ്പെടുത്തു.