നല്‍കുന്നത് 0.5 എംഎല്‍ കൊവീഷീല്‍ഡ് വാക്സിന്‍

ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ

ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ച് മണിവരെയാണ് വാക്സിന്‍ നല്‍കുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്സിന്‍ തുടങ്ങുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്എംഎസ് ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും.

വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം

വാക്‌സിന്റെ ലഭ്യതയനുസരിച്ച സര്‍ക്കാര്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം. തുടര്‍ന്ന് കൊവിഡ് പ്രതിരോധവുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും 50 വയസ് കഴിഞ്ഞവര്‍ക്കും 50 വയസില്‍ താഴെ ഗുരുതര രോഗമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.

സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പ്

സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണ് രാജ്യത്തെ ഡ്രഗ് റഗുലേറ്റര്‍ വാക്‌സിനുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍, എടുക്കുന്ന വാക്‌സിന്റെ നിര്‍ദേശിച്ചിട്ടുള്ള ഡോസുകള്‍ തന്നെ എടുക്കണം. പ്രതിരോധത്തിനെടുക്കുന്ന വാക്‌സിനുകള്‍ മാറിമാറി എടുക്കാന്‍ പാടില്ല.