ഡാലസ് ∙ തിരു വസ്ത്രം ധരിച്ചു കൊണ്ടു സ്റ്റേജുകളിൽ സിനിമ താരങ്ങളുടെയും മറ്റു പലവിധ ശബ്ദം അനുകരിച്ചും പ്രവാസികളുടെ മനസുകളിൽ ശ്രദ്ധനേടുകയാണ് ജൂബി അച്ചൻ എന്ന് വിളിക്കുന്ന റവ.ഫാദർ തോമസ് മാത്യു. വിശ്വസിക്കാൻ കുറച്ചു പ്രയാസമായിരിക്കാം അല്ലെ? സഭയോടുള്ള കൂറും ദൈവത്തോടുള്ള തീഷ്ണമായ വിശ്വാസവും ഉള്ള ഈ യുവ വൈദികൻ ഹാസ്യ കലാ രംഗത്തു ഒരു മുതൽ കൂട്ടു തന്നെയാണ്. അമേരിക്കയിൽ വിവിധ കലയിൽ സാമർഥ്യം ഉള്ളവർ ധാരാളം ഉണ്ടെങ്കിലും മിമിക്രി ഹാസ്യ കലയിൽ പരിജ്ഞാനം ഉള്ളവർ നന്നേ കുറവാണു. പ്രത്യേകിച്ച് വൈദീകരുടെ ഇടയിൽ ആരും തന്നെ ഉള്ളതായി അറിയില്ല. നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അച്ചൻ.

പ്ലേനോ സെന്റ് പോൾസ് ഓർത്തോഡോക്സ് പള്ളിയുടെ വികാരിയായി സേവനം ചെയ്തു കൊണ്ടിരിക്കുന്ന റവ. തോമസ് മാത്യു കോന്നി തണ്ണിത്തോട് സ്വദേശിയാണ്. സഹധർമിണിയായ ജെസ്നി നഴ്സ് ആയി സേവനം ചെയ്യുന്നു. മക്കൾ: ഏഡ്രിയെൽ, സെമീറ. ചെറുപ്പം മുതൽ അനുകരണ കലയോട് താൽപര്യമുണ്ടായിരുന്ന അച്ചൻ സ്കൂൾ കോളേജ് പഠനകാലത്തു മിമിക്രി നടത്തി വിദ്യാർഥികൾക്കിടയിൽ പ്രസിദ്ധനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാന്തര ബിരുദം നേടിയ ജൂബി അച്ചന് കോളേജ് പഠനകാലത്ത് മിമിക്രി അവതരിപ്പിക്കുന്നതിനോടൊപ്പം ധാരാളം ലഘു നാടകങ്ങൾ സംവിധാനം ചെയുകയും പ്രധാന റോളുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഓർത്തോഡോക്സ് സഭയ്ക്കായി കേരളത്തിൽ നടത്തിയ മദ്യ വർജ്ജന റാലിക്കു വേണ്ടി തെരുവ് നാടകങ്ങൾ സംവിധാനം ചെയ്തു പ്രസിദ്ധി നേടിയിട്ടുണ്ട്. കാസർകോട് മുതൽ തിരുവന്തപുരം വരെ അൻപതിൽ പരം വേദികളിൽ ജൂബി അച്ചൻ സംവിധാനം ചെയ്ത ലഘു നാടകങ്ങൾ ആയിരുന്നു അവതരിപ്പിച്ചത്.

2012 മുതൽ 2016 കാലഘട്ടത്തിൽ സെമിനാരിയിൽ വൈദീക പഠനം തുടരുമ്പോഴും പട്ടത്വ ശുശ്രുഷയുടെ ആരംഭ വേളയിലും കുറെ കാലത്തേക്ക് മിമിക്രിയും അഭിനയവും ഉപേക്ഷിച്ചിരുന്നു.