ജക്കാര്‍ത്ത: ഇന്നലെ പുലര്‍ച്ചെ ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 34 പേര്‍ മരിച്ചു. അറുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് മമുജു നഗരത്തിലെ ആശുപത്രി നിലംപൊത്തി. ആശുപത്രി ജീവനക്കാരും രോഗികളും ഉള്‍പ്പെടെ നിരവധിപ്പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

ആശുപത്രി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് തുടരുകയാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അരിയാന്റൊ വ്യക്തമാക്കി. ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്നുവീണ വീടിനുള്ളില്‍ കുടുങ്ങിക്കിടന്ന എട്ട് പേരെ രക്ഷപെടുത്തിയതായും അദ്ദേഹം പറഞ്ഞു.

മമുജു നഗരത്തില്‍ മാത്രം 26 പേര്‍ മരിച്ചതായി പ്രദേശിക ദുരന്തനിവാരണ ഏജന്‍സി മേധാവി അലി റഹ്മാന്‍ പറഞ്ഞു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. സുലവേസി പ്രവിശ്യയില്‍ എട്ടു പേരും ഭൂചലനത്തെ തുടര്‍ന്ന് മരിച്ചു.

ആശുപത്രിയെ കൂടാതെ ഒട്ടനവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നുവീണു. മമുജുവിലുള്ള റീജിയണല്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. നഗരത്തിലെ റോഡുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മമുജുവിന് വടക്ക് 36 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വ്യാഴാഴ്ച റിക്ടര്‍ സ്കെയിലില്‍ 5.9 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും 26 തുടര്‍ചലനങ്ങളുമുണ്ടായതായി ഇന്തോനേഷ്യയിലെ മെട്രോളജി ആന്‍ഡ് ജിയോഫിസിക്സ് ഏജന്‍സി വ്യക്തമാക്കി.