രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷത്തിനോട് അടുക്കുമ്പോഴാണ് മഹാമാരിക്കെതിരെയുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. പ്രതിദിന കേസുകളും മരണവും അതിവേഗം വര്‍ധിച്ചപ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയായിരുന്നു രാജ്യം കടന്നുപോയത്. 2020 ജനുവരി 30 ന് തൃശൂരിലായിരുന്നു രാജ്യത്തെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. 45 ദിവസം കടന്ന് മാര്‍ച്ച് 15 ന് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 100 കടന്നു. പിന്നീട് അതിവേഗത്തിലായിരുന്നു രോഗികളുടെ എണ്ണം ആയിരവും, പതിനായിരവും, ഒരു ലക്ഷവും കടന്നത്.

ഡിസംബര്‍ 18ന് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. പ്രതിദിന കേസുകള്‍ രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയ സാഹചര്യമുണ്ടായി. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ആശങ്ക അകന്നെങ്കിലും കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്. മാര്‍ച്ച് 22 ന് പ്രധാനമന്ത്രി രാജ്യത്ത് ജനത കര്‍ഫ്യു പ്രഖ്യാപിച്ച് കൊവിഡിനെതിരെയുള്ള പോരാട്ടം രാജ്യം ഒറ്റക്കെട്ടായി ആരംഭിച്ചു. വൈറസ് മഹാമാരി രാജ്യത്ത് ജീവന്‍ അപഹരിച്ചതും അതിവേഗത്തിലാണ്.

ഏപ്രില്‍ 28 ന് മരണം ആയിരവും ഓഗസ്റ്റ് 16 ന് അരലക്ഷവും കടന്നു. പ്രതിദിന കൊവിഡ് മരണം വര്‍ധിച്ചതോടെ ഒക്ടോബര്‍ മൂന്നിന് മരണ സംഖ്യ ഒരു ലക്ഷം കടന്നു. ഇതിനിടയില്‍ യുകെയില്‍ പടരുന്ന ജനിതകമാറ്റം വന്ന വൈറസ് രാജ്യത്ത് 114 പേര്‍ക്ക് സ്ഥിരീകരിച്ചത് സ്ഥിതി സങ്കീര്‍ണമാക്കി. 2021 ജനുവരി മൂന്നിന് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത 351 ദിവസങ്ങള്‍ക്ക് ശേഷമാണ് വാക്‌സിനേഷന്‍ തുടങ്ങാനിരിക്കുന്നത്. ഇതുവരെ രാജ്യത്ത് ഒരു കോടി അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ലക്ഷത്തി അമ്പതിനായിരത്തിലധികം പേരുടെ ജീവനാണ് നഷ്ടമായത്. കൊവിഡിന്റെ ഇരുണ്ടകാലം വാക്‌സിന്‍ വെച്ച് പ്രതിരോധിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് രാജ്യം