ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡ് അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമ്പോള്‍ സുപ്രിംകോടതിയുടെ നിലപാട് നിര്‍ണായകമാകും.

നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകളും ഭേദഗതിയെ കുറിച്ച് മാത്രം ആലോചിക്കാമെന്ന് കേന്ദ്രവും കടുത്ത നിലപാടിലാണ്. ഒന്‍പതാം വട്ട ചര്‍ച്ച സമ്പൂര്‍ണ പരാജയമായതോടെ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു. കടുത്ത ശൈത്യത്തിലും കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള അഞ്ഞൂറ് കര്‍ഷകരുടെ ആദ്യസംഘം രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലെത്തി. രണ്ടാമത്തെ സംഘം 24 ാം തിയതി എത്തുമെന്ന് കിസാന്‍സഭ അറിയിച്ചു.