വാട്‌സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി രാജ്യത്തെ പൗരന്മാരുടെ അവകാശം ലംഘിക്കുന്നുവെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി ഡല്‍ഹി ഹൈക്കോടതി. സിംഗിള്‍ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. അഭിഭാഷകനായ ചൈതന്യ റോഹില്ല സമര്‍പ്പിച്ചതാണ് ഹര്‍ജി.

ജസ്റ്റിസ് പ്രതിഭ എം സിംഗാണ് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ഉത്തരവുകള്‍ക്ക് വിധേയമായ മറ്റൊരു സിംഗിള്‍ ബെഞ്ചിന് സമര്‍പ്പിക്കണമെന്നും നിര്‍ദേശം. പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാനും ജഡ്ജി പറഞ്ഞു. ഈ മാസം 18ന് മറ്റൊരു ബെഞ്ച് കേസില്‍ വാദം കേള്‍ക്കും.

പുതിയ വാട്‌സ്ആപ്പ് പ്രൈവസി പോളിസി ഇന്ത്യന്‍ പൗരന്റെ മൗലിക അവകാശങ്ങളെ ലംഘിക്കുന്നുവെന്നും ഇത് നടപ്പിലാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം. ഉപയോക്താക്കളുടെ ഡാറ്റ ഫേസ്ബുക്കും മറ്റു കമ്പനികളുമായി പങ്കുവയ്ക്കുന്നത് തടയാന്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

അഭിഭാഷകനായ മനോഹര്‍ലാല്‍ ആണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായത്. കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മയും വാട്‌സ്ആപ്പിന് വേണ്ടി മുകുള്‍ റോത്തഗിയും വാദത്തിന് ഹാജരായി.