പ്രതീക്ഷ നൽകുന്ന ബജറ്റാണ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുന്നോട്ടു വയ്ക്കുന്നതെന്ന് കേരള സർവകലാശാല സാമ്പത്തിക വിഭാഗം അസിസ്റ്റന്റ് പ്രഫസറും ധനകാര്യ വിദഗ്ധനുമായ ഡോ. സിദ്ദിഖ് റാബിയത്ത് . എന്നാൽ രാജ്യാന്തര സാമ്പത്തിക രംഗത്തെ വെല്ലുവിളികൾ സൃഷ്ടിക്കാവുന്ന പ്രതിസന്ധികളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിന്റെ പശ്ചാത്തലത്തിൽ മനോരമ ഓൺലൈനിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റെന്നത് ഒരു സർക്കാരിന്റെ വരാനിരിക്കുന്ന ഒരു വർഷത്തെ പ്രവർത്തനത്തിന്റെ രൂപരേഖയാണ്. തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു കൊണ്ടുള്ള ബജറ്റാണിതെന്നു പറയാനാകില്ല. കഴിഞ്ഞ ബജറ്റുകളുടെ തുടർച്ചയായിട്ടാണിതിനെ വിലയിരുത്തുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നവീകരണം,ആരോഗ്യമേഖല ശക്തിപ്പെടുത്തൽ, കൃഷി, പരമ്പരാഗത മേഖലകൾ, ഐടി പോലുള്ള വികസനരംഗങ്ങൾ എന്നിവയുടെ വികസനത്തിന് ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം

ഇന്ത്യയിൽ മികച്ച സ്കൂൾ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമാണു കേരളം. എന്നാൽ അതിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖല ഉയർന്നിട്ടില്ല. അതുകൊണ്ടാണ് വിദ്യാർഥികൾ വിദേശ സർവകലാശാലകളെവരെ ആശ്രയിക്കുന്നത്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ഇത്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചുള്ള നിക്ഷേപം ഈ മേഖലയിൽ വരുന്നില്ല.

അടുത്ത കാലത്ത് ഇതിനു മാറ്റം ഉണ്ടായിട്ടുണ്ട്. കിഫ്ബി ഉപയോഗിച്ച് കുസാറ്റിലും കേരള സർവകലാശാലകളിലും അടിസ്ഥാന സൗകര്യ വികസനം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷ നൽകുന്നു. ഇതിനെ ധന ധൂർത്തായി കരുതാനാകില്ല. ഈ രംഗം ശക്തിപ്പെട്ടാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടേക്കു വരും.

ആരോഗ്യം

കേരള വികസന മാതൃകയിൽ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം നിലനിൽക്കുന്ന സംസ്ഥാനമാണു കേരളം. കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് ആ സംവിധാനം എങ്ങനെ പ്രവർത്തിച്ചുവെന്നതു നാം കണ്ടതാണ്. എന്നാൽ ഏറ്റവും കൂടുതൽ ജലജന്യ രോഗങ്ങൾക്കു സാധ്യതയുള്ള സംസ്ഥാനമാണിത്. അതിനു കാരണം നമ്മുടെ ജലാശയങ്ങളുടെ വ്യാപ്തിയാണ്. ഇത്തരത്തിലുള്ള വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള വലിയ ശ്രമം ബജറ്റിലുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ആരോഗ്യ മേഖലയിൽ നടത്തിയ ഇടപെടലുകൾ പ്രതീക്ഷ നൽകുന്നതാണ്.

ക്ഷേമ പെൻഷനുകൾ

ക്ഷേമ പെൻഷനുകളിൽ വലിയ മാറ്റം വന്നിട്ടുണ്ട്. 1500 രൂപയിൽ നിന്ന് 1600 രൂപയാക്കിയത് സ്വാഗതാർഹമാണ്.

താങ്ങുവില

കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവിലയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോഴാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ താങ്ങുവില ഇല്ലെന്ന കേന്ദ്ര സർക്കാരിന്റ വാദത്തിന് ധനമന്ത്രി കൃത്യമായ മറുപടി നൽകിയിരിക്കുകയാണ്.

കേരളത്തിന്റെ പ്രധാന കാർഷിക വിളകളായ റബർ, തേങ്ങ, നെല്ല് എന്നിവയുടെ താങ്ങുവില ഉയർത്തിയത് കർഷകർക്കു പ്രതീക്ഷ നൽകുന്നു. കാർഷിക ഉൽപാദനത്തിൽ കഴിഞ്ഞ വർഷം വലിയ നേട്ടമുണ്ടായെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നെല്ലു സംഭരണം കാര്യക്ഷമമായി നടക്കുന്നത് കേരളത്തിലാണ്.

വെല്ലുവിളികൾ

കോവിഡ് സൃഷ്ടിച്ച വെല്ലിവിളി രാജ്യാന്തര സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച വൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽക്കൂടി വേണം ബജറ്റിനെ വിലയിരുത്താൻ. കേരളത്തിന്റെ സാമ്പത്തിക വളർച്ച 5.9 ശതമാനമാണ്. ഏറ്റവും വലിയ പ്രതിസന്ധിയാണ് രാജ്യാന്തര സാമ്പതിക രംഗം നേരിടുന്നത്. ലേകത്തിന്റെ സാമ്പത്തിക വളർച്ചയിൽ മൂന്നു ശതമാനം കുറവു വരുമെന്നാണ് രാജ്യാന്തര സാമ്പത്തിക ഏജൻസികൾ കണക്കുകൂട്ടുന്നത്.

അതിന് ആനുപാതികമായി നമ്മുടെ വരുമാനം കുറഞ്ഞാൽ ബജറ്റിന്റെ പ്രതീക്ഷകൾക്കു മങ്ങലേൽക്കും. വാഗ്ദാനങ്ങൾ പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞെന്നു വരില്ല. കേന്ദ്ര സർക്കാർ നമ്മുടെ വിഹിതത്തിൽ കുറവു വരുത്തിയാൽ അതും ബുദ്ധിമുട്ടുണ്ടാക്കും. അങ്ങനെ സംഭവിക്കില്ലെന്നാണു പ്രതീക്ഷ. പ്രവാസികൾക്കുണ്ടാകാവുന്ന തൊഴിൽ നഷ്ടമാണ് മറ്റൊരു പ്രശ്നം.

അവരുടെ തിരിച്ചു വരവു തുടങ്ങിയിട്ടുണ്ട്. അതിന്റെ അളവ് വർധിച്ചാൽ സർക്കാർ എങ്ങനെ അതിനെ നേരിടുമെന്നണ് അറിയേണ്ടത്. ജിഎസ്ടി വരുമാനത്തിലും വലിയ കുറവുണ്ടായി. വരുന്ന വർഷത്തിൽ അതിന്റെ തോതു കൂടാനാണു സാധ്യത.

ജിഎസ്ടി സംവിധാനം വന്നതോടെ സംസ്ഥാനത്തിന് പുതിയ നികുതി സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയാതെവന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി കൃത്യമായ വിലപേശലും ധാരണയും ഉണ്ടാക്കേണ്ടത് ആവശ്യമാണ്. അതിനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നടത്തണം. ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നുണ്ടെന്നാണു കഴിഞ്ഞ കാലത്തെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.