ടൊറന്റോ∙ കോവിഡ് കാലത്തെ സംഭവ ബഹുലമായ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകളോടെ ഒന്റാരിയോയിലെ മലയാളികളായ സോഷ്യൽ വർക്കർമാരുടെ സംഘടനായ മലയാളി അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഒന്റാരിയോ (മാസ് വോ) വാർഷികം ആഘോഷിച്ചു. വെർച്വൽ വാർഷികാഘോഷ ചടങ്ങിന് ആവേശം പകർന്നത് പ്രീമിയർ ഡഗ് ഫോർഡിന്റെ പങ്കാളിത്തമായിരുന്നു. വാർഷികത്തിന് ആശംസകൾ നേർന്ന വിഡിയോ സന്ദേശത്തിൽ ഫോർഡ് പ്രവിശ്യയിലെ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ കാലങ്ങളായി പ്രവർത്തിക്കുന്ന സോഷ്യൽ വർക്കർമാർ ഈ പ്രതിസന്ധി കാലഘട്ടത്തിൽ നൽകുന്ന സേവനങ്ങളെ പ്രകീർത്തിക്കാനും മറന്നില്ല.

പുതിയ തലമുറയിലെ സോഷ്യൽ വർക്കർമാർക്കു ദിശാബോധം നൽകുന്നതിന് സംഘടന ഒരുക്കിയ പരിപാടികളുൾപ്പെടെ സമീപകാലത്തെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളുടെ വിഡിയോ പ്രദർശനവുമുണ്ടായിരുന്നു. പ്രവിശ്യാ പാർലമെന്റിൽ അംഗം ദീപക് ആനന്ദ് സേവനങ്ങളെ പരാമർശിച്ചതും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പരാമർശങ്ങളുമെല്ലാം ഉൾപ്പെടുത്തിയിരുന്നു.

ടൊറന്റോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ, ദീപക് ആനന്ദ് എംപിപി, പീൽ ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി സിഇഒ റാവ് ബെയ്ൻസ്, ഒന്റാരിയോ അസോയിയേഷൻ ഓഫ് ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി മുൻ ഡയറക്ടർ ജീൻ സാമുവൽ തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു. ദീപക് ആനന്ദ് വിർച്വൽ ആഘോഷത്തിൽ പങ്കെടുത്തവരുടെയെല്ലാം ചിത്രം സൂമിൽ പകർത്തിയതും ശ്രദ്ധേയമായി.

പ്രസിഡന്റ് ജോജി എം. ജോൺ, വൈസ് പ്രസിഡന്റ് അലൻ തയിൽ ജോർജ്, സെക്രട്ടറി കുസുമം ജോൺ, ട്രഷറർ ചാൾസ് തോമസ്, ജോയിന്റ് സെക്രട്ടറി ബി. അരുൺ എന്നിവർ അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. അംഗത്വം വർധിപ്പിച്ച് സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇവർ വ്യക്തമാക്കി. ഉപദേശക സമിതിയംഗങ്ങളായ സജിമോൻ ജോസഫ്, തോമസ് ആന്റണി പയ്യപ്പിള്ളി, പ്രസാദ് നായർ, അംഗങ്ങളായ സൈമൺ സ്റ്റീഫൻ, ശ്രിതിഷ ജോൺ, ടിഎംഎസ് വൈസ് പ്രസിഡന്റ് ആനി മാത്യൂസ്, യൂത്ത് അംഗം എയ്ഞ്ജലീന ബെന്നി തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു. മേരി ജേക്കബ് ജോൺ ആയിരുന്നു അവതാരക.