കര്‍ഷകര്‍ക്ക് മുടക്കുമുതലിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് അണ്ണാ ഹസാരെയുടെ കത്ത്. 2018ലെ തന്റെ ഉപവാസ സമരത്തിന്റെ സമയത്ത് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ വാക്ക് നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. ഇനിയും അത് ഉറപ്പുവരുത്താന്‍ സര്‍ക്കാറിനായില്ലെങ്കില്‍ ജനുവരി അവസാനത്തോടെ താന്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും അണ്ണാ ഹസാരെ കത്തില്‍ പറയുന്നു.’

“ഈ വിഷയത്തില്‍ ഞാന്‍ ഇതുവരെ അഞ്ച് തവണ നിങ്ങളുമായി കത്തിടപാടുകള്‍ നടത്തി. പക്ഷേ ഒരു ഉത്തരവും ലഭിച്ചില്ല. അതിനാലാണ് ജനുവരി അവസാനം നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. ഉപവാസ വേദിയായി രാംലീല മൈതാനം വിട്ടുകിട്ടാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്​ നാല് കത്തുകള്‍ എഴുതി. അതിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല” -മോദിക്ക്​ എഴുതിയ കത്തില്‍ ഹസാരെ പറഞ്ഞു. ഹിന്ദിയിലാണ്​ അദ്ദേഹം കത്തെഴുതിയത്​.