പിണറായി വിജയൻ സർക്കാരിൻ്റെ അവസാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുക. തുടർഭരണമാണ് പിണറായി സർക്കാരിൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിനനുസരിച്ചുള്ള ഒരു ജനപ്രിയ ബജറ്റാവും ഇന്ന് അവതരിപ്പിക്കപ്പെടുക. രണ്ട് പ്രളയങ്ങളും കൊവിഡും കേരളത്തിൻ്റെ സാമ്പത്തിക നില താറുമാറാക്കിയിട്ടുണ്ട്. ഇത് മറികടക്കാനുള്ള പദ്ധതികളും ബജറ്റിൽ ഉണ്ടാവും.

കൊവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായ ഒട്ടേരെ ആളുകൾ ഉണ്ടെന്നതു കൊണ്ട് തന്നെ ബജറ്റിൽ തൊഴിലവസരങ്ങൾക്ക് ഊന്നൽ നൽകിയേക്കും. വിദേശികളും സ്വദേശികളുമായി നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. അവർക്ക് തൊഴിലവസരങ്ങൾ നൽകുക എന്നത് സംസ്ഥാന സർക്കാരിനു വെല്ലുവിളിയാവുമെങ്കിലും ബജറ്റിൽ അത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും.

വർക്കം ഫ്രം ഹോം എന്നത് സാധാരണ ജീവിതരീതിയായി മാറിയ സാഹചര്യത്തിൽ അത് അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെട്ടേക്കും. വീട്ടമ്മമാർക്കടക്കം വരുമാനം ലഭിക്കുന്ന തരത്തിലാവും പദ്ധതികൾ. ഒപ്പം, ക്ഷേമ പെൻഷനുകൾ 100 രൂപയെങ്കിലും വർധിപ്പിക്കാനും സാധ്യതയുണ്ട്.