കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. അതേസമയം, സുപ്രിംകോടതി രൂപീകരിച്ച സമിതിയുടെ ആദ്യ സിറ്റിംഗ് ഈ മാസം പത്തൊന്‍പതിന് നടക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധവും രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും. ഈമാസം അവസാനം ഡല്‍ഹിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് കാണിച്ച് ഗാന്ധിയന്‍ അന്നാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേരളത്തില്‍ നിന്ന് പുറപ്പെട്ട അഞ്ഞൂറ് കര്‍ഷകരുടെ ആദ്യസംഘം ഇന്ന് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തും.

കേന്ദ്രസര്‍ക്കാരുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്ന് കര്‍ഷക സംഘടനകള്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് കേന്ദ്രം അയഞ്ഞത്. തുറന്ന മനസോടെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. ഈ ആവശ്യത്തില്‍ ഊന്നിയായിരിക്കും ചര്‍ച്ചയെന്ന് കര്‍ഷകനേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, സുപ്രിംകോടതി രൂപീകരിച്ച സമിതിയുടെ ആദ്യ സിറ്റിംഗ് ഈമാസം പത്തൊന്‍പതിന് നടക്കുമെന്ന് സമിതിയംഗമായ അനില്‍ ഘന്‍വത് അറിയിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്മാറിയ സാഹചര്യത്തില്‍ ബാക്കി മൂന്ന് അംഗങ്ങളെ വച്ചാകും സിറ്റിംഗ്. ഇതിനിടെ, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു