കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർ ഉറപ്പായും അടുത്ത ഡോസ് കൂടി എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ അടുത്ത ഘട്ടം വാക്്‌സിൻ സ്വീകരിക്കണം. മാത്രമല്ല, ആദ്യ ഘട്ട ഡോസ് സ്വീകരിച്ചതിന് ശേഷമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം’ ശിൽപശാല ഉദ്ഘാടനം ചെയ്ത് മന്ത്രി വ്യക്തമാക്കി.

വാക്‌സിനെ പറ്റി തെറ്റിദ്ധാരണകൾ പരത്തരുത്. ആദ്യഘട്ട വാക്‌സിൻ സ്വീകരിച്ചവർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നറിയാൻ വേണ്ടി കൂടിയാണ് നിശ്ചിത ഇടവേള അടുത്ത ഘട്ടം സ്വീകരിക്കുന്നതിന് നൽകിയിരിക്കുന്നത്.

കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങളനുസരിച്ചാണ് വാക്‌സിൻ വിതരണം നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീർക്കാൻ കഴിയുവെന്നും സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പേർക്ക് കൊവിഡ് വരാതെ സംരക്ഷിക്കാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഇനി ആളുകളിലേക്ക് വാക്‌സിൻ പൂർണതോതിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാംഘട്ടത്തിൽ മുൻനിര പ്രവർത്തകർക്കുമാണ് വാക്‌സിൻ നൽകുക. എല്ലാവരിലേക്കും വാക്‌സിൻ എത്തിയാൽ മാത്രമേ കൊവിഡിനെ അതിജീവിച്ച് സ്വതന്ത്രരായി ജീവിക്കാൻ കഴിയുവെന്നും മന്ത്രി വ്യക്തമാക്കി.