മദ്യവില വർധനയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യനിർമാതാക്കൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വർധനവാണ് ഉണ്ടായത്. മദ്യവിലവർധന അടിയന്തരമായി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബെവ്‌കോയുടെ ആവശ്യത്തിന് പിന്നിൽ സിപിഐഎമ്മാണ്. ഇടപാടിൽ നൂറുകോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് മനസിലാക്കുന്നത്. തീരുമാനം ഡിസ്റ്റിലറി കമ്പനികൾക്ക് അനർഹമായ ലാഭം നേടാൻ സഹായിക്കും. ബെവ്‌കോയെ കൊണ്ട് ആവശ്യം ഉന്നയിപ്പിച്ചത് എകെജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങളാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണം എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ തള്ളി. ബെവ് കോ വാങ്ങുന്ന മദ്യവില നിശ്ചയിക്കുന്നത് ഡയറക്ടർ ബോർഡാണ്. സ്പിരിറ്റിന്റെ വില കൂട്ടുന്നതാണ് മദ്യത്തിന്റെ വില കൂടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച് ഹൈക്കോടതി പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.