പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി ∙ ജനുവരി 6ന് കാപ്പിറ്റോൾ ബിൽഡിങ്ങിനു മുൻപിൽ നടന്ന മാർച്ച് അക്രമാസക്തമായതിനെ അപലപിച്ചു ഡോണൾഡ് ട്രംപ്. ജനുവരി 13 ബുധനാഴ്ച യുഎസ് ഹൗസിൽ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ പാസ്സായതിനുശേഷം നടത്തിയ വിഡിയോ പ്രഭാഷണത്തിലാണ് ട്രംപ് പരസ്യമായി അക്രമത്തെ അപലപിച്ചു രംഗത്തെത്തിയത്.

റിപ്പബ്ലിക്കൻ പ്രതിനിധികളുടെ പിന്തുണയോടെ ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കിയതിൽ പ്രകോപിതരാകരുതെന്നും ശാന്തത പാലിക്കണമെന്നും ട്രംപ് അനുയായികളോട് അഭ്യർഥിച്ചു. കഴിഞ്ഞ ആഴ്ചയിൽ നാം കണ്ട അക്രമ പ്രവർത്തനങ്ങളിൽ മറ്റുള്ളവരെ പോലെ ഞാനും ദുഃഖിതനാണെന്നും ശരിയായി എനിക്കു പിന്തുണ നൽകുന്നവർ രാഷ്ട്രീയ കലാപത്തിന് പ്രേരിപ്പിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.

അടുത്ത ആഴ്ച നടക്കുന്ന ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശാന്തമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിക്കണമെന്നു ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി യുഎസ് ഹൗസ് രണ്ടു പ്രാവശ്യം ഇംപീച്ച്മെന്റ് ആർട്ടിക്കിൾ പാസ്സാക്കിയ ഏക പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്.