കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ, ബിജെപിക്കെതിരായുളള പോരാട്ടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പം ഇടതുമുന്നണിയും കോണ്‍ഗ്രസും അണിചേരണമെന്ന അഭ്യര്‍ത്ഥനയുമായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന ടിഎംസി എംപി സൗഗത റോയിയാണ് അഭ്യര്‍ത്ഥനയുമായി രം​ഗത്തെത്തിയത്.

ഇടതുമുന്നണിയും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബിജെപി വിരുദ്ധരാണെങ്കില്‍, ബിജെപിയുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ മമത ബാനര്‍ജിയോടൊപ്പം ചേരുമെന്ന് സൗഗത റോയി പറഞ്ഞു. ബിജെപിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ഥ മുഖം എന്നാണ് സൗഗാത റോയി മമതയെ വിശേപ്പിച്ചത്.

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യത്തിലാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം നല്‍കിയത്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ സിപിഎം കേന്ദ്രകമ്മിറ്റി അനുമതി നല്‍കിയിരുന്നു. വോട്ടിനിട്ടാണ് സിപിഎം കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസ് സഖ്യമാകാമെന്ന ധാരണയിലെത്തിയത്.