കൊവിഡ് വാക്‌സിനുമായുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. ഇന്‍ഡിഗോ വിമാനം മുംബൈയില്‍ നിന്നാണ് തലസ്ഥാനത്തെത്തിയത്. ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലായിരിക്കും കൊവിഡ് വാക്‌സിന്‍ റീജിയണല്‍ സ്റ്റോറേജ് സെന്ററിലേക്ക് കൊണ്ടുപോകുക.

നാളെയാണ് വാക്‌സിന്‍ ജില്ലാ തല വെയര്‍ ഹൗസുകളിലേക്ക് വിതരണം ചെയ്യുക. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്നത് വരും ദിവസങ്ങളിലായാണ്. ഡിഎംഒ അടക്കമുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍ വിമാനത്താവളത്തിലെത്തി.

 

കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് കേരളത്തില്‍ രാവിലെ എത്തിയിരുന്നു. ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്സിന്‍ എത്തിച്ചത്. വാക്സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തി. രാവിലെ പതിനൊന്നരയോടെ ആദ്യ ബാച്ച് വാക്‌സിനുകള്‍ നെടുമ്പാശേരിയില്‍ എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ വിമാനം എത്തി.