യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. ഇതുവരെ 102 പേര്‍ക്കാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവര്‍ക്കും പ്രത്യേകം മുറികളാണ് അനുവദിച്ചിരിക്കുന്നത്.

അതേസമയം രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച യാത്രക്കാര്‍, രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ചു വരികയാണ്.

സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതി തീവ്ര വൈറസ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.