നിയമന വിവാദത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. നിയമനത്തിനായി കത്ത് നല്‍കിയത് വ്യക്തപരമായ ഇഷ്ടപ്രകാരമാണ്. അക്കാദമിക്ക് ഗുണമുള്ള വ്യക്തികളെ സ്ഥിരപ്പെടുത്തണമെന്ന് തോന്നി. മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമായതാണ്. അക്കാദമി സെക്രട്ടറിയുമായി ഭിന്നതയില്ലെന്നും കമല്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.

സാംസ്‌കാരിക മന്ത്രിക്ക് നല്‍കിയ കത്ത് വ്യക്തിപരമായി നല്‍കിയതാണ്. പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി അന്ന് തന്നെ പറഞ്ഞിരുന്നു. വ്യക്തിപരായി നല്‍കിയ കത്താണ്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗികമായ യാതൊരു സംവിധാനവും ഉപയോഗിക്കാതെ നല്‍കിയ കത്തായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ഇടതു അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കമല്‍ മന്ത്രി എ.കെ.ബാലന് നല്‍കിയ കത്ത് ഇന്നലെയാണ് പ്രതിപക്ഷം പുറത്തുവിട്ടത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്തുപുറത്തുവിട്ടത്.

ചലച്ചിത്ര അക്കാദമിയുടെ ഇടതുസ്വഭാവം നിലനിര്‍ത്താന്‍ കത്തില്‍ പറയുന്നവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാദമി സിപിഐഎമ്മിന്റെ പോഷകസംഘടനയല്ലെന്ന് കത്തു നിയമസഭയുടെ മേശപ്പുറത്തുവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇത്തരത്തിലല്ല നിയമനം നടത്തുന്നതെന്ന് എ.കെ.ബാലന്‍ കത്തിനു മറുപടി നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.