കണ്ണൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലക്കൊപ്പം ഉമ്മന്‍ചാണ്ടിയും യു ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്ന് കെ മുരളീധരന്‍ എം പി. തിരഞ്ഞെടുപ്പില്‍ ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ല. ജയിച്ച്‌ വരുന്ന എം എല്‍ എമാരാണ് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുക. കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണയുള്ളയാള്‍ മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസിന്റെ എം എല്‍ എമാരോട് ഹൈക്കമാന്‍ഡ് വിഷയം ചര്‍ച്ച ചെയ്യും. ഇവരുടെ അഭിപ്രായം കേട്ടതിന് ശേഷം ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു, എഷ്യാനെറ്റ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുരളീധരന്റെ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്ത ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം ഉണ്ടാക്കിയത് പാര്‍ട്ടി ചര്‍ച്ച ചെയ്തല്ലെന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തെ മുരളീധരന്‍ തള്ളി. എല്ലാ ബന്ധങ്ങളും പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ചര്‍ച്ച ചെയ്യാതെ ഇത്തരം തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയെ ഉയര്‍ത്തിക്കാട്ടി സി പി എം നടത്തിയ പ്രചാരണത്തില്‍ പാര്‍ട്ടി വീണുപോകുകയായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായി. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വീതംവെപ്പും തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ഒരു കാരണമാണ്. ക്രൈസ്തവ സഭകളെ വിശ്വാസത്തിലെടുക്കാന്‍ മനസ്സ് തുറന്നുള്ള ചര്‍ച്ച വേണം. ഇക്കാര്യം നടക്കുന്നുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരക്ക് പുറത്ത് താന്‍ പ്രചാരണത്തിന് പോകില്ല. പാര്‍ലിമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ എല്ലാ ദിവസവും ഹാജരാകാന്‍ ശ്രമിക്കും. മറ്റ് എം പിമാരുടെ കാര്യം എന്തെന്ന് തനിക്കറിയില്ല. തന്റെ മണ്ഡലം വടകരയാണ് അവിടെ മാത്രം കേന്ദ്രീകരിക്കും. വോട്ട് വട്ടിയൂര്‍കാവിലായതിനാല്‍ അവിടെ പോയി വോട്ട് ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.