ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ കമലിനെതിരെ യുഡിഎഫും ബിജെപിയും രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് യുഡിഎഫും ബിജെപിയും രംഗത്തെത്തിയത്. ഷെയിം ഓൺ യൂ കമൽ ഹാഷ്ടാഗിൽ ക്യാംപെയിനും യുഡിഎഫ് സൈബറിടങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.

കമലിനെതിരെ കോൺഗ്രസ് നേതാക്കളായ കെ. എസ് ശബരീനാഥനും പി.സി വിഷ്ണുനാഥും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം. കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തി ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണെന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം. കമലിന്റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിഎസ്‌സിയുടെ ജോലി എളുപ്പമാകുമെന്നായിരുന്നു പി.സി വിഷ്ണുനാഥ് പ്രതികരിച്ചത്. ഇതിനിടെ കമലിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. കമലിന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നും സാംസ്‌കാരിക നായകന്റെ മുഖം മൂടിയണിഞ്ഞ് ഇടതുപക്ഷ ക്ഷേമ പ്രവർത്തനമാണ് അക്കാദമിയിൽ കമൽ നടത്തുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു.