കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ വൈറല്‍ ടോപ്പിക്കുമായിരുന്നു ഇത്. കുഞ്ഞിന്റെ പേര് എന്തായിരിക്കുമെന്ന് തുടങ്ങി ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നു എന്നുവരെ വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു.

മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ തിങ്കളാഴ്ച്ച വൈകിട്ടാണ് . കുഞ്ഞ് പിറന്ന വാര്‍ത്ത വിരാട് കോഹ്ലി തന്നെ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ ജന്മദിനത്തില്‍ തന്നെ കോഹ്ലിക്ക് കുഞ്ഞ് പിറന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച്‌ ചെയ്തതും കുഞ്ഞിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
ഇതിനിടയില്‍, അനുഷ്കയും കുഞ്ഞും എന്ന പേരില്‍ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച്‌ ചുംബനം നല്‍കുന്ന അനുഷ്കയുടെ ചിത്രമാണെന്നായിരുന്നു പ്രചരിച്ചിരുന്നത്.

എന്നാല്‍ ചിത്രത്തിലുള്ള അമ്മയും കുഞ്ഞും അനുഷ്കയും കുഞ്ഞുമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ടിപ്സ് ആന്റ് ട്രിക്സ് എന്ന വെബ്സൈറ്റില്‍ മുമ്ബ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചിത്രമാണ് അനുഷ്കയുടേതെന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കുഞ്ഞിന്റെ ചിത്രം അനുഷ്കയോ കോഹ്ലിയോ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയുടെ സഹോദരന്‍ വികാസ് കോഹ്ലി കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചിരുന്നു. ഇതും കുഞ്ഞിന്റെ ആദ്യ ചിത്രമെന്ന പേരില്‍ വ്യാപകമായി ഷെയര്‍പെട്ടു. ഇതിന് പിന്നാലെ വിശദീകരണവുമായി വികാസ് കോഹ്ലി തന്നെ രംഗത്തെത്തി.

താന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം സഹോദരന്റെ കുഞ്ഞിന്റേതല്ലെന്നും സന്തോഷസൂചകമായി ഒരു ചിത്രം പങ്കുവെച്ചതാണെന്നും വികാസ് കോഹ്ലി വ്യക്തമാക്കി. ചില മാധ്യമങ്ങള്‍ കോഹ്ലിയുടേയും അനുഷ്കയുടേയും കുഞ്ഞിന്റെ ചിത്രം എന്ന പേരില്‍ ഇവ പ്രചരിപ്പിച്ചതാണെന്നും പോസ്റ്റില്‍ പറയുന്നു.