വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം അനുവദിച്ചുള്ള ഹൈക്കോടതി വിധിക്ക് എതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും.

കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ലൈഫ് മിഷന്റെയും യൂണീടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി. ലൈഫ് മിഷനില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും യൂണീടാക്കിന് കരാര്‍ കൈമാറിയത് വിദേശ സഹായം കൈകാര്യം ചെയ്യുന്നതിലെ സിഎജി ഓഡിറ്റ് ഒഴിവാക്കാനെന്നും കോടതി നിരീക്ഷിച്ചു.

തുടര്‍കരാറുകള്‍ ഇല്ലാതിരുന്നതും യുണീടാക്കിനെ കൊണ്ട് യുഎഇ കോണ്‍സുലേറ്റുമായി കരാറുണ്ടാക്കിയതും ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതില്‍ ഭാഗഭാക്കായിട്ടുണ്ട്. വ്യക്തിപരമായ ലാഭം പ്രതീക്ഷിച്ച് പ്രതികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം നയപരമായ തീരുമാനം എടുത്തെന്ന് കരുതി കുറ്റകൃത്യത്തിന്റെ ബാധ്യത രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടാന്‍ മതിയായ കാരണങ്ങളില്ല. ഉദ്യോഗസ്ഥരും അവരുടെ അടുപ്പക്കാരുമാണ് കുറ്റകൃത്യം ചെയ്തതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായതായും കോടതി ചൂണ്ടിക്കാട്ടി. എഫ്.സി.ആര്‍.എ. ലംഘിച്ചെന്ന് കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്.