കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി മുഖേ​ന ഹ​ജ്ജ് തീർത്ഥാടനത്തിനയുള്ള സംസ്ഥാനത്തെ അ​പേ​ക്ഷാ സമർപ്പണം പൂർത്തിയായി. അപേക്ഷകരുടെ എണ്ണത്തിൽ വലിയ ഇടിവാണ് ഇത്തവണ ഉണ്ടായത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ഹജ്ജ് സൗദിയിൽ ഉള്ളവർക്ക് മാത്രമായി ചുരുക്കിയിരുന്നു.

കഴിഞ്ഞ വർഷം 26064 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചതെങ്കിൽ ഇത്തവണ അത് 6,392 അ​പേ​ക്ഷ​ക​ളാ​യി ചുരുങ്ങി. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 5657 അ​പേ​ക്ഷ​ക​ളും 45 വ​യ​സ്സി​നു മു​ക​ളി​ലുള്ള സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 735 അ​പേ​ക്ഷ​കളുമാണ് ലഭിച്ചത്. കൊവിഡിന്റെ സാഹചര്യത്തിൽ 18നും 65​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​ അനുമതി വെട്ടിച്ചുരുക്കിയതും അപേക്ഷകരുടെ എണ്ണത്തിലെ ഇടിവിന് കാരണമായി.

രാജ്യത്തൊട്ടാകെ 21 എംബാർക്കേഷൻ പോയിന്റുകൾ ഉണ്ടായിരുന്നത് 10 ആയി ചുരുക്കിയതിനാൽ ദേശീയ തലത്തിലും അപേക്ഷകരുടെ എണ്ണത്തിൽ ഇടിവുണ്ടായി. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം സൗദിക്ക് പുറത്തുള്ളവർക്ക് ഹജ്ജിന് അനുമതി നൽകിയിരുന്നില്ല.

സൗദി അറേബ്യൻ ഗവൺമെന്റിന്റെയും ഇന്ത്യ ഗവൺമെന്റിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ഇത്തവണത്തെ ഹജ്ജ് തീർത്ഥാടന നടപടികൾ ക്രമീകരിക്കുക.