ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാന സർക്കാരും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹർജി നൽകിയത്. കേസിലെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന സിബിഐയുടെ ഹർജിയിലും ഇന്ന് വിധിയുണ്ടാകും.

കഴിഞ്ഞ തവണ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ സർക്കാരിനോട് ചില സുപ്രധാന ചോദ്യങ്ങൾ കോടതി ചോദിച്ചിരുന്നു. ഭൂമി യുണിടാക്കിന് കൈമാറിയത് നടപടിക്രമങ്ങൾ പാലിച്ചാണോ, ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ, ലൈഫ് മിഷൻ സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. ലൈഫ് മിഷൻ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നും സർക്കാർ ഭൂമിയിൽ കെട്ടിടം നിർമിച്ച് കൈമാറാനാണ് കരാറെന്നും അന്ന് സർക്കാർ മറുപടിയും നൽകി. ഒരുവേള സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും ഫെഡറൽ തത്വങ്ങൾ ലംഘിക്കുകയാണ് കേന്ദ്രമെന്നും സർക്കാർ തുറന്നടിക്കുകയുണ്ടായി.

എന്നാൽ, എഫ്‌സിആർഎചട്ടം ലംഘിക്കപ്പെട്ടെന്നും പദ്ധതിയിൽ യുഎഇ കോൺസുലേറ്റിന്റെയും സ്വർണക്കടത്ത് കേസ് പ്രതികളുടെയും ഇടപെടൽ സംശയാസ്പദമാണെന്നുമായിരുന്നു സിബിഐയുടെ പ്രതിരോധം. കഴിഞ്ഞ ഒക്ടോബർ 13ന് ലൈഫ് മിഷനെതിരായ കേസിന്റെ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസിൽ സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സ്റ്റേ ഉത്തരവിന്റെ പശ്ചാത്തലത്തിൽ അന്വേഷണം പൂർണമായ നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സ്റ്റേ നീക്കണമെന്ന ആവശ്യം സിബിഐയും ഉയർത്തിയത്.