ഹൂസ്റ്റൺ : ഹൂസ്റ്റൺ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ കോവിഡ്-19 വാക്‌സിനേഷനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ആരോഗ്യ-സാമൂഹ്യ ഗവേഷണ രംഗത്തെ പ്രമുഖരായ ഫോർട്ട് ബെന്റ് കൗണ്ടി ജഡ്‌ജ്‌ ശ്രീ. കെ പി ജോർജ്ജ്‌, മെമ്മോറിയൽ ഹെർമൻ ഹോസ്പിറ്റലിലെ ഫിസിഷ്യനും ഇന്റേണൽ മെഡിസിൻ ഗവേഷകനുമായ ഡോ.നിഥിൻ തോമസ് എന്നിവർ വിവിധ വിഷയങ്ങൾ അധികരിച്ച്‌ പ്രബന്ധങ്ങൾഅവതരിപ്പിച്ചു. ഹൂസ്റ്റൺ ഏരിയയിലും പ്രത്യേകിച്ച് ഫോർട്ട് ബെന്റ് കൗണ്ടിയിലെയും പ്രത്യേക സാഹചര്യങ്ങളും കോവിഡ് വാക്സിനേഷന്റെ ലഭ്യതയെക്കുറിച്ചും ശ്രീ. കെ പി ജോർജ്ജ്‌ വിശദീകരിച്ചു. മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയെ ചെറുക്കുവാൻ ലഭ്യമായ വിവിധ വാക്‌സിനുകളേക്കുറിച്ചും വാക്‌സിനേഷൻ സ്വീകരിക്കേണ്ട അനിവാര്യതയെക്കുറിച്ചും വാക്‌സിനേഷൻ സ്വീകരിക്കുമ്പോൾ ഉണ്ടാകുവാൻ സാധ്യതയുള്ള താല്ക്കാലിക റിയാക്ഷനുകളെക്കുറിച്ചും സെമിനാറിൽ പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് ഡോ.നിഥിൻ തോമസ് മറുപടി നൽകി. ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണത്തിന്റെ അധ്യക്ഷതയിൽ നടത്തിയ സെമിനാറിൽ സോഷ്യൽ മീഡിയകൾ വഴിയും സൂം മീറ്റിങ്ങിലൂടെയും നിരവധി അംഗങ്ങൾ പങ്കെടുത്തു. ഇടവക സെക്രട്ടറി ശ്രീ.ഷാജി പുളിമൂട്ടിൽ സ്വാഗതവും ട്രസ്റ്റി ശ്രീ.റിജോഷ്‌ ജോൺ കൃതജ്ഞതയും രേഖപ്പെടുത്തി.