മുംബൈ: വിവാദങ്ങളും വിലക്കും തീര്‍ത്ത നീണ്ട ഇടവേളയ്ക്കുശേഷം കളിക്കത്തിലേക്കു തിരിച്ചുവരവ് ആഘോഷമാക്കി ശ്രീശാന്ത്. ഇന്ത്യന്‍ പേസര്‍ ശ്രീശാന്തിന്‍്റെ തിരിച്ചു വരവിന് വേദിയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ നിശ്ചിത 20 ഓവറില്‍ പുതുച്ചേരി138 റണ്‍സ് നേടിയിട്ടുണ്ട്.

പുതുച്ചേരിയുടെ ഓപ്പണര്‍ ഫാബിദ് അഹമ്മദിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി തന്‍്റെ തിരിച്ചു വരവറിയിച്ചത്. ഏഴു പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 10 റണ്‍സുമായി മികച്ച ഇന്നിംഗ്സിലേക്ക് നീങ്ങുന്നതിനിടയിലാണ് ഫാബിദ് ശ്രീശാന്തിന് വിക്കറ്റ് സമ്മാനിച്ചത്. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കെറ്റെടുത്തതാണ് മത്സരത്തിലെ താരത്തിന്‍്റെ ബോളിംഗ് പ്രകടനം. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് കേരള ബോളര്‍മാരില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുതുച്ചേരിയെ കേരള അതിഥി താരം ജലജ് സക്സേനയുടെ മൂന്നു വിക്കറ്റ് നേട്ടത്തില്‍ 138 റണ്‍സിന് ഒതുക്കുകയായിരുന്നു. 29 പന്തില്‍ 33 റണ്‍സെടുത്ത അഷിത് രാജീവാണ് പുതുച്ചേരിയുടെ ടോപ് സ്കോറര്‍. അഷിത് രാജീവും 18 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്ന താമരക്കണ്ണനുമായി ചേര്‍ന്ന് പിരിയാത്ത ഏഴാം വിക്കറ്റില്‍ നേടിയ 51 റണ്‍സാണ് പുതുച്ചേരി ഇന്നിംഗ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.