പത്ത് മാസത്തെ ഇടവേളക്കുശേഷം പ്രദർശനത്തിനൊരുങ്ങി സംസ്ഥാനത്തെ തീയറ്ററുകൾ. ലോക് ഡൗൺ മടുപ്പ് ശേഷം വിനോദ മേഖല ഉണരുമ്പോൾ പ്രേക്ഷകർ തീയറ്ററിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രപ്രവർത്തകർ. വിജയുടെ മാസ് ചിത്രമായ മാസ്റ്റർ പരമാവധി തീയറ്ററുകളിൽ പ്രദർശിപ്പിച്ച് സിനിമയുടെ തിരിച്ചുവരവ് ആഘോഷമാക്കാനാണ് തീരുമാനം.

നീണ്ട ഇടവേളക്ക് ശേഷം കേരളത്തിലെ ബിഗ് സ്ക്രീനുകൾക്ക് മുന്നിൽ കാണികളെത്തുമ്പോൾ സിനിമ മേഖലക്ക് വലിയ പ്രതീക്ഷ. ഇളവുകളുടെ കാര്യത്തിൽ സർക്കാരിന്റെ അനുഭാവ പൂർവമായ നടപടിയുടെ ആശ്വാസം. ഇനി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രദർശനം. തിയേറ്റർ തുറക്കാൻ അനുമതി നൽകിയത് മുതൽ ശുചീകരണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിരുന്നു. അണുനശീ കരണത്തിനും 50% സീറ്റുകളിൽ പ്രവേശനത്തിനും സജ്ജീകരണം ആയി . വിജയ് ചിത്രം മാസ്റ്ററിലൂടെ സിനിമാ മേഖല പ്രതീക്ഷിക്കുന്നത് മാസ്സ് എൻട്രി തന്നെ.

രാവിലെ 9 മുതൽ രാത്രി 9 വരെ എന്ന നിയന്ത്രണം ഉള്ളതിനാൽ പരമാവധി മൂന്ന് ഷോകളാവും ഉണ്ടാവുക. 11 മലയാളചിത്രങ്ങൾ സെൻസറിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാർ. മോഹൻലാലിന്റെ മരയ്ക്കാറിന് മുമ്പായി ഫെബ്രുവരി പകുതിയോടെ മമ്മൂട്ടി ചിത്രം വൺ തിയേറ്ററിൽ എത്തും. ഇനി കരുതലോടെ തിയേറ്റർ കാഴ്ചകൾ.