എറണാകുളം ജില്ലയിൽ രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തു. വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർ പരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളജ് കളമശേരിയിലും നടത്തിയതിയിരുന്നു. തുടർന്ന് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടർന്ന് ഇദ്ദേഹത്തിൻ്റെ നില തൃപ്തികരമായി തുടരുന്നു.

ജില്ലാ ആരോഗ്യ വിഭാഗവും, വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാരും ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തുകയും തുടർ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തി.

ജില്ലാ മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ.വിവേക് കുമാറിൻ്റെ അധ്യക്ഷതയിൽ മെഡിക്കൽ വിദഗ്ധരുടെ യോഗം ചേർന്ന് ജില്ലാ സർവെയ്ലൻസ് ഓഫിസർ ഡോക്ടർ ശ്രീദേവി. എസ് പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിൽ രണ്ടു ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.