പി സി ജോര്‍ജിനെ യുഡിഎഫില്‍ എടുത്താല്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പുമായി പൂഞ്ഞാറിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. പി സി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ രാജിവയ്ക്കുമെന്നാണ് നിസാര്‍ കുര്‍ബാനിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്. ഇന്നലെ ഈരാറ്റുപേട്ടയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പി സി ജോര്‍ജിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അതേസമയം പി സി ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന് ആവശ്യവുമായി കത്തോലിക്ക സഭയിലെ മുതിര്‍ന്ന ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നേരിട്ട് ബന്ധപ്പെട്ടു. ക്രൈസ്തവ സഭകളുടെ വിഷയങ്ങളില്‍ അടക്കം ഇടപെട്ടതാണ് പി സി ജോര്‍ജിന് അനുകൂലമായ ഘടകം ആയത്.

എന്നാല്‍ ഇതര വിഭാഗങ്ങള്‍ക്കെതിരായ ജോര്‍ജിന്റെ പ്രസ്താവനകള്‍ തിരിച്ചടിയാകുമോ എന്ന് യുഡിഎഫ് ഭയപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചില ഘടക കക്ഷികളും ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണിയില്‍ എടുക്കാതെ സഹകരിപ്പിച്ചാല്‍ മതിയെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടു വയ്ക്കുന്നു.

അതേസമയം ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പുതിയ ഉപാധികളും പി സി ജോര്‍ജ് മുന്നോട്ടുവച്ചു. യുഡിഎഫില്‍ മാന്യമായ പരിഗണന ലഭിക്കണമെന്നും പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളിയോ പാലായോ വേണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.