ഒരിടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് വീണ്ടും സിനിമാ പ്രദര്‍ശനത്തിന് തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനില്‍ ത്രീഡി ചിത്രം
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സിനിമ പ്രദര്‍ശനം ആരംഭിച്ചത്.

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ സിനിമ കാണുന്നതിന്റെ ആവേശത്തിലായിരുന്നു ചലച്ചിത്ര പ്രേമികള്‍. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു പ്രവേശനം. ഇതിനിടയില്‍ ത്രീഡി ഗ്ലാസ് വച്ചിട്ടും സിനിമ വ്യക്തമായി കാണാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി പ്രേക്ഷകരില്‍ ചിലര്‍ രംഗത്തെത്തി. പരാതിക്കാര്‍ക്ക് പണം മടക്കി നല്‍കിയാണ് അധികൃതര്‍ പ്രശ്‌നം പരിഹരിച്ചത്.

ഓഡിറ്റോറിയത്തില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനില്‍ ദിവസവും വൈകീട്ട് ആറരയ്ക്ക് പ്രദര്‍ശനം നടക്കും. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരാഴ്ചത്തേക്ക് പ്രദര്‍ശിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് മലയാളം ഇംഗ്ലീഷ് ഭാഷ ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തും. കൊവിഡ് മാര്‍ഗ്ഗനിര്‍ദേശമുള്ളതിനാല്‍ 200 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

സ്വകാര്യ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുമ്പോഴാണ് സര്‍ക്കാര്‍ ഏജന്‍സിയായ ചലച്ചിത്ര വികസന കോര്‍പറേഷന്‍ സിനിമാ പ്രദര്‍ശനം ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.